പശുക്കളെ കൊല്ലുന്നവരെ ജലിയിൽ അടയ്ക്കുമെന്ന് ആവർത്തിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നവംബർ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി. ഗോവധ നിരോധന നിയമം ഉത്തർപ്രദേശിൽ പതിവായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് അലഹബാദ് ഹെെക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ പരാമർശം. താൻ ഗോസംരക്ഷണത്തിനായി പ്രതിജ്ഞാബദ്ധനാണെന്നും പശുക്കളെ സംരക്ഷിക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും യോഗി പറഞ്ഞു.
1995ലെ ഗോവധ നിരോധന നിയമപ്രകാരം നിരവധി നിരപരാധികളാണ് പ്രതികളാക്കപ്പെടുന്നതെന്ന് ഹെെക്കോടതി പറഞ്ഞിരുന്നു. നിരപരാധികൾക്കെതിരെ നിയമ ദുരുപയോഗം ചെയ്യപെടുന്ന സ്ഥിതിയാണുള്ളത്. ഏത് മാംസം പിടിച്ചാലും അത് പശുവിൻ്റെ ഇറച്ചിയായി കാണിക്കുന്നു. ഭൂരിഭാഗം കേസുകളിലും മാംസം ശാസ്ത്രീയമായി പരിശോധനക്ക് പോലും അയക്കാതെയാണ് പശുമാംസമെന്ന് പറയുന്നതെന്നും ഇത് വഴി കുറ്റാരോപിതർ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വരുന്നുവെന്നും കോടതി പറഞ്ഞിരുന്നു. ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന്, അഞ്ച്, എട്ട് എന്നിവ പ്രകാരം ബീഫ് വില്പന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ റഹ്മുദ്ദീൻ്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
content highlights: Day after Allahabad HC rap, Yogi says will send cow killers to jail