സിദ്ധിഖ് കാപ്പന്റെ ജാമ്യം: അലഹാബാദ് കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി പത്രപ്രവര്‍ത്തക യൂണിയന്‍ അംഗവും അഴിമുഖം വെബ്‌സൈറ്റിന്റെ ജീവനക്കാരനുമായ സിദ്ധിഖ് കാപ്പന്റെ ജാമ്യത്തിനായി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. ഹത്രാസിലെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട സിദ്ധിഖ് കാപ്പനടക്കമുള്ള നാല് പേരെയാണ് വഴിമധ്യേ പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ധിഖ് കാപ്പനെ വിട്ടു കിട്ടാന്‍ ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിര്‍ദ്ദേശം.

സിദ്ധിഖ് കാപ്പനും മറ്റ് മൂന്നു പേര്‍ക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യം കിട്ടാത്ത സാഹചര്യമാണെന്നും യുഎപിഎ അടക്കം ചുത്തിയതിനാല്‍ ആറോ ഏഴോ വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമെന്നും കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ അത്തരം സാഹചര്യം ഉണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ മറുപടി നല്‍കി.

സുപ്രീം കോടതിയിലെ കേസ് നിലനിര്‍ത്തികൊണ്ട് തന്നെ അലഹാബാദ് ഹൈക്കോടതിയില്‍ ജാമ്യത്തിന് അപേക്ഷ നല്‍കാനാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം. അലഹാബാദ് കോടതിയെ സമീപിക്കുന്നതിനിടയില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടായാല്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.

Content Highlight: SC to approach Allahabad High Court on bail of Siddique Kappan