ഇന്ത്യയിലെ കൊവിഡ് മരണത്തില്‍ 17 ശതമാനവും വായു മലിനീകരണം നേരിട്ടവര്‍: പഠനം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണങ്ങള്‍ക്ക് വായു മലിനീകരണവുമായി ബന്ധമുണ്ടെന്ന് പഠനം. വായു മലിനീകരണം ഏറെകാലം നേരിട്ട വ്യക്തികളില്‍ ശ്വാസകോശ രോഗങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പഠനം. കാര്‍ഡിയോളജി റിസര്‍ച്ച് എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കൊവിഡ് ശ്വാസകോശത്തെ ബാധിക്കുന്നത് പോലെ തന്നെ വായു മലീനീകരണവും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ഏറെ കാലം വായു മലിനീകരണം നേരിട്ട ഒരാളെ സംബന്ധിച്ച് അയാള്‍ക്ക് ശ്വാസകോശ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. ഇത്തരം ശ്വാസകോശ രോഗങ്ങളുള്ള വ്യക്തികളില്‍ കൊവിഡ് ഗുരുതരമാകാനാണ് സാധ്യതയെന്നാണ് പഠനം പറയുന്നത്.

ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങളുടെ 17 ശതമാനവും ഇതേ രീതിയില്‍ സംഭവിച്ചതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐസിഎംആറും ഇക്കാര്യം പിന്തുണക്കുന്നുണ്ട്. വടക്കേ ഇന്ത്യയിലാണ് വായു മലിനീകരണം മൂലമുള്ള രോഗങ്ങള്‍ കൂടുതല്‍ കൊവിഡ് മരണങ്ങള്‍ സൃഷ്ടിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Content Highlight: Prolonged Exposure To Air Pollution May Be Behind 17% Of India’s COVID Deaths