തായ്പെയ്: കൊവിഡിനെതിരെ വന്‍ പ്രതിരോധം തീര്‍ത്ത രാജ്യങ്ങള്‍ക്ക് പോലും കൊവിഡിന്റെ രണ്ടാം വരവില്‍ വലിയ ആഘാതം ഏറ്റപ്പോള്‍ അഭിമാനാര്‍ഹമായ നേട്ടമാണ് തായ്വാന് കൈവരിച്ചത്. പ്രാദേശിക സമ്പര്‍ക്ക കേസുകളില്ലാത്ത 200-ാം ദിനമെന്ന റെക്കോഡാണ് തായ്വാന് നേടിയത്. ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഇന്ന് വരെ ആകെ 553 കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നതും തായ്വാന്റെ വിജയമാണ്.
കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തായ്വാന് അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പഴുതടച്ച രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും, ജനങ്ങളുടെ സുരക്ഷ മുന്‍ കരുതലുകളും നിയമം ലംഘിക്കുന്നവര്‍ക്കുള്ള കര്‍ശന ശിക്ഷയുമാണ് കൊവിഡിനെ തുരത്താന്‍ തായ്വാനെ സഹായിച്ചത്.
ഏപ്രില്‍ 12നാണ് തായ്വാനില് അവസാനമായി സമ്പര്‍ക്കവ്യാപന കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആകെ ഏഴ് മരണങ്ങള് മാത്രമാണ് ഇവിടെ സംഭവിച്ചത്. സമ്പര്‍ക്ക വ്യാപന കേസുകളില്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ചുരുക്കം ചുരുക്കം ചിലര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. രാജ്യത്ത് നിരീക്ഷണം ശക്തമാക്കി രോഗിയുമായി സമ്പര്‍ക്കമുള്ളവരെ ക്വാറന്റൈന് ചെയ്യുകയാണ് അധികൃതര്‍.
മാസ്കിന്റെ പ്രതിദിന ആഭ്യന്തര ഉത്പാദനവും തായ്വാന് വര്‍ദ്ധിപ്പിച്ചിരുന്നു. റേഷന്‍ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് മാസ്കും ലഭ്യമാക്കിയിരുന്നു.
Content Highlight: Taiwan With No Local Case In A Record 200 Days