സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തി പരാമര്‍ശം; പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുനനവര്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പൊലീസ് ആക്ട് ഭേദഗതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സൈബര്‍ ക്രൈം സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തുന്നതോടെ സൈബര്‍ കേസുകളില്‍ നടപടി എടുക്കാനുള്ള പരിമിതി നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് രൂപീകരണ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ സേനാംഗങ്ങളുടെ അഭിവാദ്യവും മുഖ്യമന്ത്രി സ്വീകരിച്ചു.

അതേസമയം, പൊലീസ് ആക്ട് ഭേദഗതി സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പും ഉയരുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ അപകീര്‍ത്തി കേസ് സംബന്ധിച്ച് പരാതിക്കാരന്‍ പോലുമില്ലാതെ കേസെടുക്കാന്‍ പൊലീസിന് ലഭിക്കുന്ന അധികാരം അധികാര ദുര്‍വിനിയോഗത്തിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും നേരെ അശ്ലീല യൂടൂബര്‍ നടത്തിയ പരാമര്‍ശത്തില്‍ പൊലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് സ്വയം ശിക്ഷ നടപ്പാക്കിയതിന്റെ ഫലമായാണ് നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം.

Content Highlight: Government will amend Police Act for Cyber security