ശ്രീനഗര്‍: ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതും ഡിമാന്റുള്ളതുമായ കുങ്കുമപ്പൂക്കളുടെ വസന്ത കാലമാണ് ഇപ്പോള്‍ കശ്മീര്‍ താഴ്വര. വിളവെടുപ്പും സീസണും അടുത്ത് വരുമ്പോള്‍ കര്‍ഷകരുടെ ആശങ്ക പൂക്കളിലെ അളവാണ്. വേണ്ടത്ര ജലസേചന സൗകര്യങ്ങള്‍ ചെയ്ത് കിട്ടാത്തതിനാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ പോലെ തന്നെ ഇത്തവണയും പൂക്കളുടെ അളവ് കുറയുമോയെന്നതാണ് കര്‍ഷകരുടെ ആശങ്ക. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും കുങ്കുമപ്പൂ വിളയുന്നുണ്ടെങ്കിലും കശ്മീരി കുങ്കുമപ്പൂവിന് തന്നെയാണ് ഏറ്റവും പ്രിയം.
കശ്മീരില്‍ പുല്‍വാമ, ബഡ്ഗാം എന്നീ ജില്ലകളിലാണ് കാര്യമായ കുങ്കുമപ്പൂ പാടങ്ങള്‍ നിലവിലുള്ളത്. എന്നാല്‍ ഇവിടേക്ക് വര്‍ഷങ്ങളായി വേണ്ടത്ര ജലസേചന സൗകര്യങ്ങള്‍ ചെയ്ത് കിട്ടിയിട്ടില്ലെന്നതാണ് കര്‍ഷകരെ വലക്കുന്നത്. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും സൃഷ്ടിച്ച വരണ്ട കാലാവസ്ഥയാണ് കുങ്കുമപ്പൂവിന്റെ ഉത്പാദനം ഇടിച്ചതെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. പൂക്കളുടെ വളര്‍ച്ച സ്വാഭാവിക നിലയിലെത്താന്‍ സ്പ്രിങ്കിള്‍ ഇറിഗേഷന്‍ മാത്രമാണ് ഏക വഴിയെന്നും കര്‍ഷകര്‍ പറയുന്നു.
2010 -ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട 411 കോടി പദ്ധതിച്ചെലവില്‍, കേന്ദ്ര സഹായത്തോടെയുള്ള ‘സാഫ്രണ്‍ മിഷന്’ പ്രകാരം, പാംപോറിലെ കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഒന്നാണ് സ്പ്രിങ്കിള്‍ ഇറിഗേഷന്‍ സിസ്റ്റം എന്ന അത്യാധുനിക ജലസേചന സാങ്കേതിക വിദ്യ. അത് ഇതുവരെയും യാഥാര്‍ഥ്യമാക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് ഒന്നിനും തന്നെ സാധിച്ചിട്ടില്ല. കുങ്കുമപ്പൂപ്പാടങ്ങള്‍ നില്ക്കുന്ന പ്രദേശങ്ങളില്‍ 126 കുഴല്‍ക്കിണറുകള്‍ കുഴിക്കുക എന്നതായിരുന്നു ഈ പദ്ധതിയിലെ ഒരു പ്രധാന പ്രവൃത്തി. പാംപോര്‍ തെഹ്സിലില്‍ മാത്രം 3200 ഹെക്ടര്‍ കുങ്കുമപ്പൂപ്പാടങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.
Content Highlight: Kashmir’s Saffron fields on threat of drought