ഭരണ കക്ഷിയായ എൻഡിഎയ്ക്ക് രാജ്യസഭയിലും മേൽക്കെെ. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി ഉൾപെട ഒമ്പത് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടതോടെയാണ് രാജ്യസഭയിൽ ബിജപിക്കുള്ള മേധാവിത്വം ഒന്നുകൂടി ഉറച്ചത്. ഇതോടെ എൻഡിഎ രാജ്യ സഭാംഗങ്ങളുടെ എണ്ണം നൂറ് കടക്കുകയായിരുന്നു. ഇനി ഭരണ കക്ഷിക്ക് ബില്ലുകൾ രാജ്യസഭയിലും പ്രയാസമില്ലാതെ പാസാക്കിയെടുക്കാൻ ഇതോടെ സാധിക്കും.
അതേസമയം രാജ്യസഭയിൽ മേധാവിത്വം പുലർത്തിയ കോൺഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് അംഗങ്ങളിലേക്ക് ചുരുങ്ങി. 242 അംഗസഭയിൽ 38 സീറ്റ് മാത്രമാണ് കോൺഗ്രസിനുള്ളത്. ഇത്തവണ രണ്ട് സീറ്റുകളിൽ ബിജെപിയോടും പരാജയപെട്ടു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ പത്തും ഉത്തരാഖണ്ഡിലെ ഒന്നും ഉൾപെടെ 11 സീറ്റുകളിൽ 9 എണ്ണവും ബിജെപി പിടിച്ചടക്കി. ഇതോടെ രാജ്യസഭയിൽ ബിജെപി അംഗസംഖ്യ 92 ആയി.
എൻഡിഎ സഖ്യകക്ഷി ജെഡിയുവിന് അഞ്ച് സീറ്റും ആർപിഐ, അസം ഗണ പരിഷത്, മിസോറാം നാഷ്ണൽ ഫ്രണ്ട്, നാഷ്ണൽ പീപ്പിൾസ് പാർട്ടി, നാഗാ പീപ്പിൾസ് ഫ്രണ്ട്, പട്ടാളി മക്കൾ കക്ഷി, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നീ കക്ഷികൾക്ക് ഓരോ സീറ്റ് വീതവുമാണ് ഉള്ളത്. ഇതോടെ എൻഡിഎക്ക് ആകെ 104 അംഗങ്ങളായി.
നാമനിർദേശം ചെയ്ത നാല് അംഗങ്ങളുടെ പിന്തുണയും എൻഡിഎയ്ക്ക് ലഭിക്കും. 242 അംഗ സഭയിൽ 121 അംഗങ്ങളുടെ പിന്തുണയാണ് ബില്ലുകൾ പാസാക്കാൻ വേണ്ടത്. നിർണായക ബില്ലുകളിൽ എഐഎഡിഎംകെ (9 അംഗങ്ങൾ), ബിജെഡി(9), ടിആർഎസ്(7), വൈഎസ്ആർപി(6) എന്നീ പാർട്ടികളുടേയും പിന്തുണ എൻഡിഎ തേടാറുണ്ട്.
Content Highlights; NDA Crosses 100-Mark In Rajya Sabha, Congress Drops To Lowest Ever Tally