കാനഡയിൽ അപൂർവമായ വെെറസ് ബാധ; എച്ച്1 എൻ2 എന്ന് സ്ഥിരീകരണം

Canada Reports Rare Strain Of Swine Flu Found In A Human

മനുഷ്യരിൽ തികച്ചും അപൂർവമായി കാണപ്പെടുന്ന എച്ച്1 എൻ2 വെെറസ് ബാധ കാനഡയിൽ സ്ഥിരീകരിച്ചു. കൊവിഡ് 19ൻ്റെ പരിശോധനയ്ക്കിടെയാണ് ആൽബർട്ടോയിൽ അപൂർവയിനം പന്നിപ്പനി സ്ഥിരീകരിച്ചത്. ജലദോഷപ്പനിയുടെ ലക്ഷണങ്ങളുമായെത്തിയ ഒരു രോഗിയിലാണ് എച്ച്1 എൻ2 വെെറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

സാധാരണയായി പന്നികളിലാണ് എച്ച്1എൻ2 വെെറസ് ബാധ കണ്ടുവരുന്നത്. എന്നാൽ പന്നിമാംസം ഭക്ഷിക്കുന്നതിൽ നിന്ന് വെെറസ് ബാധയുണ്ടാവാനുള്ള സാധ്യത കുറവാണെന്ന് ആൽബർട്ടോ ഗവൺമെൻ്റിൻ്റെ വെബ്സെെറ്റിൽ പറയുന്നു. 2005 മുതൽ  ഇതുവരെ ലോകത്താകമാനം 27 വ്യക്തികളിൽ മാത്രമാണ് എച്ച്1 എൻ2 വെെറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 

ഈ വെെറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണെങ്കിലും അടുത്തിടപഴകുന്ന വ്യക്തികളിൽ ചിലപ്പോൾ വെെറസ് ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു. മറ്റാർക്കും ഇതുവരെ രോഗബാധയോ രോഗലക്ഷണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആൽബർട്ടോയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ദീന ഹിൻഷോയും ചീഫ് വെറ്റേറിനേറിയൻ ഡോക്ടർ കെെത്ത് ലീമാനും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

content highlights: Canada Reports Rare Strain Of Swine Flu Found In A Human