പാലക്കാട്: വാളയാര്‍ കേസില്‍ ഈ മാസം ഒമ്പതിന് വാദം തുടരാനിരിക്കെ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കണ്ട് അഭിഭാഷക സംഘം. കേസില്‍ തുടരന്വേഷണമെന്ന മാതാപിതാക്കളുടെ അപ്പീലിന്മേലാണ് ഒമ്പതിന് വാദം കേള്‍ക്കുന്നത്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍ സുരേഷ് ബാബു തോമസ്, സീനിയര്‍ ഗവ. പ്ലീഡര്‍മാരായ എസ് യു നാസര്‍, സി കെ സുരേഷ് എന്നിവരാണ് വാളയാറിലെത്തി പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കണ്ടത്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുടുംബത്തിന് നീതി ലഭ്യമാക്കാനാണ് സംഘത്തിന്റെ തീരുമാനം. അതേസമയം, ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തത ഉണ്ടെങ്കിലും ഉള്ള തെളിവുകള്‍ പോലും വിചാരണ കോടതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. ആവശ്യമെങ്കില്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെടാനാണ് ഗവണ്‍മെന്റ് പ്ലീഡര്‍ നിക്കോളാസ് ജോസഫിന്റെ തീരുമാനം.
ഇതിനിടെ വാളയാര്‍ കേസില്‍ പ്രതിയായിരുന്ന പ്രദീപ് ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. പോക്‌സോ കോടതി തെളിവില്ലെന്ന് കണ്ട് പ്രതിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ കേസില്‍ നീതി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സമരവുമായി രംഗത്തിറങ്ങിയ ശേഷമാണ് പ്രതിയുടെ ആത്മഹത്യ.
Content Highlight: Lawyers Team met parents of Walayar sisters