വിവാദ പരാമർശവുമായി താനൂർ എംഎൽഎ വി അബ്ദുറഹ്മാൻ. തിരൂർ എംഎൽഎ സി. മമ്മൂട്ടിയ്ക്കെതിരെയാണ് അബ്ദുറഹ്മാൻ വിവാദ പരാമർശം നടത്തിയത്. ആദിവാസികളുടെ ഇടയിൽ നിന്ന് വന്നവർ ആദിവാസികളെ പഠിപ്പിച്ചാൽ മതിയെന്നും തങ്ങളെ പഠിപ്പിക്കാൻ വരേണ്ടെന്നുമാണ് വാർത്താസമ്മേളനത്തിൽ അബ്ദുറഹ്മാൻ പറഞ്ഞത്.
ആദിവാസികളുടെ ഇടയിൽ നിന്ന് വന്ന് ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട, ഞങ്ങൾ തിരൂരിൽ ജനിച്ച് വളർന്നവരാണ്. ആദിവാസി ഗോത്രത്തിൽ നിന്ന് വന്ന ആളുകളല്ല. ആദിവാസികളെ പഠിപ്പിക്കേണ്ടത് ആദിവാസികളുടെ അടുത്ത് പോയി പഠിപ്പിക്കുക. ഞങ്ങളുടെ അടുത്ത് പഠിപ്പിക്കാൻ വരണ്ട എന്ന് മാത്രമാണ് എനിക്ക് ഈ കാര്യത്തിൽ പറയാനുള്ളത് എന്നാണ് അബ്ദുറഹ്മാൻ പറഞ്ഞത്.
ഇടത് എംഎൽഎയായ വി. അബ്ദുറഹ്മാനും ലീഗ് എംഎൽഎ സി. മമ്മൂട്ടിയും താനൂർ, തിരൂർ മണ്ഡലങ്ങളിലെ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരസ്പരം വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. സർക്കാർ തിരൂർ മണ്ഡലത്തെ അവഗണിക്കുന്നുവെന്ന് സി. മമ്മൂട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മലയാളം സർവകലാശാല വിവാദമടക്കം ആയുധമാക്കി സി.മമ്മൂട്ടി അബ്ദുറഹ്മാനെതിരെ രംഗത്തുവന്നിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടാണ് അബ്ദുറഹ്മാൻ വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ വിവിധ ആദിവാസി സംഘടനകൾ പ്രതിക്ഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
content highlights: V Abdurahman MLA’s Controversial Statement