കേരളാ മോട്ടോര്‍ വാഹനചട്ട ഭേദഗതി: ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. ഭേദഗതി വരുത്തി 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രകൃതി സൗഹാര്‍ദ വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ നടപടി. 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് നിരോധിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെയും നിര്‍ദ്ദേശമുണ്ട്.

പൊതു ഗതാഗതങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കാണ് നിരോധനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ധേശിക്കുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന്റെ ഇലക്ട്രിക് വാഹന നയമനുസരിച്ച് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി പരമ്പരാഗത ഇന്ധനങ്ങില്‍ നിന്ന് മാറിയുള്ള വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

2021 ജനുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. നിരോധനം നിലവില്‍ വന്ന ശേഷം ഇത്തരം ഓട്ടോറിക്ഷകള്‍ ടാക്‌സിയായി ഓടിയാല്‍ പിഴക്ക് പുറമെ വാഹനം പിടിച്ചെടുത്് പൊളിച്ച് ലേലം ചെയ്യാനുമാണ് സര്‍ക്കാര്‍ നീക്കം. അതേസമയം, 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഓട്ടോറിക്ഷകള്‍ ഇലക്ട്രിക്, സിഎന്‍ജി, എല്‍.പി.ജി, എല്‍.എന്‍.ജി തുടങ്ങിയവയിലേക്ക് മാറിയാല്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Kerala to ban 15 year of Diesel Autorickshaws