ബംഗാളിലും യുപിയിലും തെരഞ്ഞെടുപ്പിൽ മത്സരിക്കും; കോൺഗ്രസിന് ഒവെെസിയുടെ മുന്നറിയിപ്പ്

Nearly King-Maker In Bihar, Asaduddin Owaisi

2021 ഏപ്രിൽ നടക്കാനിരിക്കുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിലും 2022 മാർച്ചിൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് എഐഎംഐഎം പാർട്ടി അധ്യക്ഷനും ഹെെദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവെെസി. ബിഹാർ തെരഞ്ഞെടുപ്പിൽ സീമാഞ്ചൽ മേഖലയിൽ 5 സീറ്റ് ജയിച്ചതിന് പിന്നാലെയാണ് ഒവെെസിയുടെ പ്രഖ്യാപനം. ബിഹാറിൽ മഹാസഖ്യത്തിൻ്റെ തോൽവിക്ക് എഐഎംഐഎം പാർട്ടി കാരണമായി എന്ന വിമർശനത്തിന് മറുപടിയായിട്ടാണ് ഒവെെസി ഈക്കാര്യം പറഞ്ഞത്. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുമെന്നാണ് ഒവെെസി കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വന്തം നിലയ്ക്ക് മത്സരിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്. നിങ്ങൾ മഹാരാഷ്ട്രയിൽ ശിവസേനയുടെ മടിയിലായിരുന്നില്ലെ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ ആരുടെയെങ്കിലും സമ്മതം വാങ്ങണോ. ഒവെെസി ചോദിച്ചു. പശ്ചിമബംഗാളിലും ഉത്തർപ്രദേശിലുമടക്കം രാജ്യത്ത് നടക്കാൻ പോകുന്ന എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2022ൽ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ  എഐഎംഐഎം പാർട്ടി മാത്സരിക്കും. എന്നാൽ ആരുമായി സഖ്യമുണ്ടാക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഒവെെസി പറഞ്ഞു. 

ബിഹാറിൽ ബിഎസ്പി, ഉപേന്ദ്ര കുശ്വാഹയുടെ പാർട്ടിയായ ആർ എൽ എസ് പി തുടങ്ങിയവയുമായി ചേർന്നുള്ള ഒവെെസിയുടെ സഖ്യം 233 സീറ്റിൽ മത്സരിച്ചിരുന്നു. 20 സീറ്റിലാണ് എഐഎംഐഎം പാർട്ടി ജനവിധി നേടിയത്. ഇതിൽ 5 സീറ്റ് നേടി. പോൾ ചെയ്ത നാലു കോടിയിലധികം വോട്ടുകളിൽ 1.24 ശതമാനം ആണ്  എഐഎംഐഎമ്മിന് ലഭിച്ചത്. 

content highlights: Nearly King-Maker In Bihar, Asaduddin Owaisi “Will Fight Polls In Bengal”