കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എ എംസി കമറുദ്ദീന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ശക്തമായ വാദപ്രതിവാദമാണ് കമറുദ്ദീന്റെ ജാമ്യാപേക്ഷയില്‍ നടന്നത്. ജാമ്യം തള്ളിയതിന് പിന്നാലെ കമറുദ്ദീനെ കസ്റ്റഡിയില്‍ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു.
11 കേസുകളിലാണ് കമറുദ്ദീനെതിരെ പ്രോഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്. 11 കേസുകളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കണ്ട് കമറുദ്ദീനെ റിമാന്‍ഡ് ചെയ്യും. കമറുദ്ദീന്റെ ആസ്തി സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നില്ലെന്ന അന്വേഷണ സംഘം ഇന്നലെ കോടതിയില്‍ അറിയിച്ചു. കൂടുതല്‍ തെളിവുകളും രേഖകളും കണ്ടെത്താനുള്ളതായും സംഘം പറഞ്ഞു. കമ്പനി പൂട്ടിയ ശേഷവും നിക്ഷേപം സ്വീകരിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ഒരു വ്യവസ്ഥയും പാലിക്കാതെയാണ് നിക്ഷേപം വാങ്ങിയതെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രൊസിക്യൂഷന്‍ വാദിച്ചു.
അതേസമയം എല്ലാത്തിനും ഉത്തരവാദി എംഡി പൂക്കോയ തങ്ങളാണെന്ന വാദമാണ് പ്രതിഭാഗം മുന്നോട്ട് വെച്ചത്. പൂക്കോയ തങ്ങള്‍ ഒളിവിലായതിനാല്‍ കമറുദ്ദീനെ കസ്റ്റഡിയില്‍ വിടുന്നത് ശരിയല്ലെന്ന് അന്വേഷണ സംഘത്തിന്റെ കസ്റ്റഡി ആവശ്യത്തെ തള്ളി കോടതി വിലയിരുത്തിയിരുന്നു. പൂക്കോയ തങ്ങള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Content Highlight: Court rejected bail plea of M C Kamaruddin