തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശേഷവസരങ്ങളില്‍ മേളത്തിനും പഞ്ചവാദ്യത്തിനും തായമ്പകക്കും കലാകാരന്മാരെ ക്ഷണിക്കുന്നത് ജാതി നോക്കിയാണെന്ന് ആരോപണം. ക്ഷേത്രത്തിനകത്ത് മേല്‍ജാതിയില്‍പ്പെട്ട വാദ്യകലാകാരന്മാര്ക്ക് മാത്രമാണ് അവസരമുള്ളതെന്നാണ് ആക്ഷേപം. ദളിത് വിഭാഗക്കാരായതിന്റെ പേരില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അവഗണനക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കലാകാരന്മാര്.
കഴിഞ്ഞ 40 വര്‍ഷമായി നിരവധി വേദികളില്‍ കൊട്ടിയ കലാകാരനായ കലാമണ്ഡലം ചന്ദ്രന് പെരിങ്ങോത്ത് ഉള്‍പ്പെടെ നിരവധി കലാകാരന്മാര്ക്കാണ് ജാതിയുടെ പേരില്‍ അപമാനം സഹിക്കേണ്ടി വന്നിട്ടുള്ളത്. 301 കലാകാരന്മാരുടെ പ്രമാണിയായി മൂന്നര മണിക്കൂര്‍ പ്രകടനം നടത്തി ലിംക ബുക്ക്സ് ഓഫ് റെക്കോഡ്സില്‍ ഇടം പിടിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ചന്ദ്രന് പെരിങ്ങോത്ത്. എന്നാല്‍ കഴിവിലുപരി ജാതിക്ക് മേല്‍കൈ നല്കി ദളിത് വിഭാഗത്തില്‍ നിന്നായതിന്റെ പേരില്‍ പലപ്പോഴും ക്ഷേത്രത്തില്‍ നിന്ന് അപമാനിച്ച് ഇറക്കി വിട്ടിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
സംഭവം പലവട്ടം ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് കലാകാരന്മാരുടെ ഭാഗം. വാദ്യകലാകാരന്മാരായ കലാമണ്ഡലം രാജന്,ചൊവ്വല്ലൂര്‍ സുനില്‍, ഇരിങ്ങപ്പുറം ബാബു ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സമാന അനുഭവം ഉണ്ടായിട്ടുള്ളതായും അവര്‍ വ്യക്തമാക്കി.
എന്നാല്‍, ജാതി വിവേചനത്തെ കുറിച്ച് ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും കലാകാരന്മാര്ക്ക് ജാതി വ്യവസ്ഥയില്ലാതെ വാദ്യമേളങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടാക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
Content Highlight: Dalit Thimila artists raised allegations on caste discrimination