നടിയെ ആക്രമിച്ച കേസിൽ കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെ സെക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് പൊലീസിൻ്റെ നോട്ടീസ്. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് നോട്ടീസ്. ചോദ്യം ചെയ്യലിനായി രണ്ട് ദിവസത്തിനായി ബേക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം.
2020 ജനുവരി 24നാണ് പ്രദീപ് കുമാർ കാസർകോട് ബേക്കലിൽ എത്തിയത്. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുത്തശേഷം കാസർകോട് നഗരത്തിലെ ജ്വല്ലറിയിലെത്തി മാപ്പുസാക്ഷിയായ വിപിൻ ലാലിൻ്റെ ബന്ധുവിനെ കണ്ട് സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കേസിൽ വിപിൻലാലിന് ഭീഷണിക്കത്ത് പോസ്റ്റ് ചെയ്തത് ആലുവ, എറണാകുളം, കലൂർ ഓഫീസുകളിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വിപിൻ്റെ പരാതിയിൽ കേസെടുത്ത ബേക്കൽ പൊലീസ് ഒന്നരമാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രദീപാണെന്ന നിഗമനത്തിലെത്തിയത്.
നടിയെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനിയ്ക്കായി ജയിലിൽ നിന്ന് കത്തയച്ചത് വിപിൻലാൽ ആയിരുന്നു. അതുകൊണ്ടുതന്നെ കേസിൻ്റെ വിചാരണയിൽ വിപിൻ്റെ മൊഴികൾ നിർണായകമാണ്. അതേസമയം വിചാരണക്കോടതി മാറ്റണമെന്നുള്ള നടിയുടെ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
content highlights: Actress attack case: Notice to Ganesh Kumar’s office secretary