തിരുവനന്തപുരം: തെരഞ്ഞെടുപ്പ അടുത്ത സാഹചര്യത്തിലുള്ള ഐഎന്‍എല്‍ ലയനം സീറ്റ് മോഹിച്ചല്ലെന്ന് പൂന്തുറ സിറാജ്. മൂന്ന് തവണ കൗണ്‍സിലറായി ഇരുന്ന തനിക്ക് കൗണ്‍സിലര്‍ സ്ഥാനമോ പാര്‍ലമെന്റി വ്യാമോഹങ്ങളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിഡിപി വിട്ട സിറാജ് ഐഎന്‍എല്ലില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നാടിന്റെ മതേതര കാഴ്ച്ചപ്പാട് നിലനില്‍ക്കണമെന്നും മാര്‍ക്‌സിസ്റ്റ് അടിമത്തനാടായി നമ്മുടെ നാട് മാറാന്‍ പാടില്ലെന്നും സിറാജ് പറഞ്ഞു. മഅദനിയുടെ മോചനത്തിനായി ഇത്രനാള്‍ പ്രവര്‍ത്തിച്ച താന്‍ ഐഎന്‍എല്ലില്‍ നിന്നുകൊണ്ട് അദ്ദേഹത്തിനായി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. അതേസമയം, ഐഎന്‍എല്‍ പാര്‍ട്ടി അംഗത്വ ചടങ്ങില്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് നല്‍കിയ ഏക സീറ്റില്‍ മത്സരിക്കുന്നത് സിറാജാണെന്ന് പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം പൂന്തുറ സിറാജ് പാര്‍ട്ടി വിട്ടതിന് പിന്നാലെ ‘ഒരു തൂവല്‍ നഷ്ടപ്പെട്ടെന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ലെന്ന്’ അബ്ദുള്‍ നാസര്‍ മഅദനി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. സിറാജിനെ അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പിഡിപിയും അറിയിച്ചിരുന്നു.
Content Highlight: Poonthura Siraj on leaving PDP