ഓര്‍മ്മക്കുറിപ്പിലെ ഒരു വാചകം വെച്ച് ബിജെപിക്കാര്‍ ഇത്രയേറെ ആഹ്ലാദിക്കുന്നതെന്തിന്? ഒബാമയുടെ പുസ്തകത്തെ കുറിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ‘എ പ്രോമിസിഡ് ലാന്‍ഡ്’ എന്ന പുസ്തകം വായിച്ച് ബിജെപിക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പിലെ ഒരു വാചകം വെച്ച് ബിജെപിക്കാര്‍ ഇത്രയേറെ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ മാനസികാവസ്ഥ തനിക്ക് മനസ്സിലാകുന്നില്ലെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി. പുസ്തകം മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്ന ഭാഗങ്ങളെല്ലാം വായിച്ചതായി തരൂര്‍ കുറിപ്പില്‍ പറഞ്ഞു.

പുസ്തകം വായിച്ചതായും കാര്യമായൊന്നുമില്ല, അതിലും വലിയ കാര്യം 902 പേജില്‍ എവിടെയും നരേന്ദ്രമോദിയെന്ന പേര് പരാമര്‍ശിച്ചിട്ടേയില്ലെന്നും ശശി തരൂര്‍ പറഞ്ഞു. പുസ്തകത്തില്‍ ഡോ. മന്‍ മോഹന്‍ സിങ്ങിനെ വളരെ നല്ല രീതിയില്‍ പ്രശംസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ബുദ്ധിമാനായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും സത്യസന്ധനായ’ ‘തികച്ചും അസാധാരണമായ മാന്യതയുള്ള ഒരു വ്യക്തിത്വം’ വിദേശ നയങ്ങളില്‍ വളരെ ശ്രദ്ധാലുവായ അദ്ദേഹത്തോടൊപ്പം ‘തികച്ചും ഊഷ്മളമായ, ഉത്പാദകമായ സൗഹൃദം ആസ്വദിച്ചു’ എന്നെല്ലാം അദ്ദേഹം ഡോക്ടര്‍ മന്‍മോഹന്‍ സിംഗിനെക്കുറിച്ച് പുസ്തകത്തില്‍ എഴുതിയിട്ടുള്ളതായി തരൂര്‍ വ്യക്തമാക്കി.

അതേസമയം, രാഹുല്‍ ഗാന്ധിയെക്കുറിച്ച് പുസ്തകത്തില്‍ എഴുതിയിരുന്ന വാചകങ്ങള്‍ പ്രചരിപ്പിച്ച് ആഹ്ലാദിച്ച ബിജെപിയുടെ മാനസികാവസ്ഥ സത്യത്തില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തരൂര്‍ പ്രതികരിച്ചു. ഒബാമ മടങ്ങി വന്ന് മന്‍മോഹന്‍ സിംഗിന് ശേഷമുള്ള ഇന്ത്യയുടെ അവസ്ഥ പ്രതിപാദിക്കുന്ന ഒരു രണ്ടാം വോള്യം വായിച്ചാലുള്ള അവരുടെ മാനസികാവസ്ഥ ഊഹിക്കാന്‍ കഴിയുന്നതല്ലെന്നും ബിജെപിയെ വിമര്‍ശിച്ച് തരൂര്‍ പോസ്റ്റ് ചെയ്തു.

Content Highlight: Shashi Tharoor on Obama’s ‘A Promised Land’