ഇസ്ലാമാബാദ്: ചൈന- പാകിസ്താന് സാമ്പത്തിക ഇടനാഴി (CPEC) നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തിനായി ചൈനയില്‍ നിന്ന് സാമ്പത്തിക സഹായം വാങ്ങാനൊരുങ്ങി പാകിസ്താന്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക സ്ഥിതി വന്‍ തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന് ആദ്യഘട്ടത്തില്‍ തന്നെ വായ്പ തേടിയത്. പദ്ധതിയുടെ ആറാമത് ഫിനാന്‍സിങ് കമ്മിറ്റിയാണ് വായ്പ തേടാന്‍ തീരുമാനിച്ചത്.
പദ്ധതിയില്‍ ആകെ 600 കോടി ഡോളറാണ് ചൈനയുടെ വാഗ്ദാനം. ആദ്യഘട്ട നിര്‍മാണത്തിനാവശ്യമായ 270 കോടി ഡോളര്‍ സാമ്പത്തിക സഹായമാണ് ചൈനയില്‍ നിന്ന് പാകിസ്താന് വാങ്ങാനൊരുങ്ങുന്നത്. ഇടനാഴിയുടെ ഭാഗമായ പെഷവാറില്‍നിന്ന് കറാച്ചി വരെയുള്ള 1,872 കിലോമീറ്റര്‍ റെയില്‍പാതയുടെ വികസനത്തിനാണ് തുക.
ഏപ്രില്‍ ആദ്യം, ഒരു ശതമാനം പലിശയില്‍ വായ്പ ചോദിച്ചുകൊണ്ടുള്ള പാക്കിസ്ഥാന്റെ അപേക്ഷയ്ക്ക് ചൈന ഇതുവരെ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ഈ പലിശനിരക്കില്‍ വായ്പ നല്കാന് സാധിക്കില്ലെന്ന് ചൈന അനൗദ്യോഗികമായി അറിയിച്ചെന്നാണ് സൂചന. അടുത്ത വര്‍ഷത്തേയ്ക്കുള്ള ബജറ്റിന്റെ അന്തിമ രൂപകല്പന ഈമാസം അവസാനം തന്നെ ചൈന നിര്‍വഹിക്കുമെന്നതിനാല്‍ അടുത്താഴ്ച തന്നെ ചൈനയെ ഔദ്യോഗികമായി ഇക്കാര്യം അറിയിക്കാനാണ് പാക്കിസ്ഥാന്റെ തീരുമാനം.
Content Highlight: Pak To Seek $ 2.7 Billion From China For Belt And Road Project: Report