വീട്ടിലിരുന്ന് സ്വയം ടെസ്റ്റ് നടത്താൻ കഴിയുന്ന കൊവിഡ് ടെസ്റ്റിങ് കിറ്റിന് യുഎസിൽ അനുമതി

വീട്ടിലിരുന്ന് സ്വയം കൊവിഡ് ടെസ്റ്റ് നടത്താൻ കഴിയുന്ന ടെസ്റ്റിങ് കിറ്റിന് യുഎസ് അനുമതി നൽകി. ലൂസിറ ഹെൽത്ത് ഇൻകോർപ്പറേറ്റിൻ്റെ റാപ്പിഡ് റിസർട്ട് ഓൾ-ഇൻ-വൺ ടെസ്റ്റ് കിറ്റിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നൽകിയിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പരിശോധന വർധിക്കുന്നത് വഴി നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് പുതിയ സംവിധാനം.

ലൂസിറ ടെസ്റ്റിലൂടെ സ്വന്തമായി സാമ്പിളെടുത്ത് ടെസ്റ്റിങ് യൂണിറ്റിൽ വെച്ച് പരിശോധന നടത്താൻ സാധിക്കും. ഡോക്ടർമാർക്കും ആശുപത്രികളിലുമെല്ലാം ഈ കിറ്റ് ഉപയോഗിച്ച് ഫലമറിയാനും കഴിയും. അതിനും അനുമതി നൽകിയിട്ടുണ്ട്. സാമ്പിളെടുത്ത് 30 മിനിറ്റോ അതിൽ കുറവോ സമയത്തിനുള്ളിൽ സ്വന്തമായി ഫലമറിയാൻ കഴിയുന്ന ആദ്യത്തെ ടെസ്റ്റിങ് കിറ്റാണിത്. എന്നാൽ തെറ്റായ ഫലങ്ങൾ ലഭിക്കാനുള്ള സാധ്യതയുള്ളതിനാൽ ആഗോളപരമായി ഈ ടെസ്റ്റിങ് മാർഗം സ്വീകരിക്കുന്നില്ല. മാത്രവുമല്ല കേസുകൾ റിപ്പോർട്ട് ചെയ്യാതെ പോകാനുള്ള സാധ്യതയും ഇതിലുണ്ട്. 

content highlights: The US approves first self-testing kit for detecting Covid 19