എം സി കമറുദ്ദീന് ഹൃദ്രോഗം സ്ഥിരീകരിച്ച് അധികൃതര്‍; ആരോഗ്യമന്ത്രി നേരിട്ട് വിളിച്ച് വിവരങ്ങള്‍ തേടി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ഹൃദ്രോഗം സ്ഥിരീകരിച്ചു. നെഞ്ചു വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയ എംഎല്‍എയെ ആഞ്ചിയോഗ്രാം പരിശോധനക്ക് വിധേയമാക്കിയിരുന്നു. എംഎല്‍എയെ ശസ്ത്രക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.

കമറുദ്ദീന്റെ ആരോഗ്യ റിപ്പോര്‍ട്ടിന് പിന്നാലെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ആശുപത്രി അധികൃതരെ നേരിട്ട് വിളിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ആന്‍ജിയോഗ്രാം പരിശോധന റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍ ചികിത്സ തീരുമാനിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ: സുദീപ് നേരത്തെ അറിയിച്ചിരുന്നു. ഹൃദ്രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ എംഎല്‍എയെ ശസ്ത്രക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.

കേസിലെ രണ്ടാം പ്രതിയാണ് കമറുദ്ദീന്‍. ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറിലേറെ വഞ്ചന കേസുകളില്‍ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങള്‍. തങ്ങള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കി രണ്ടാഴ്ച്ച പിന്നിടുകയാണ്.

Content Highlight: Heart disease confirmed on M C Kamaruddin