തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അദാനിക്ക് കെെമാറുന്നതിനെതിരെ കേരളം സുപ്രീം കോടതിയിൽ

state government filed a plea in supreme court against leasing out Thiruvananthapuram airport to Adani

തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അദാനി എൻ്റർപ്രെെസസിന് കെെമാറാനുള്ള കേന്ദ്ര സർക്കാർ നീക്കം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. സർക്കാർ ആവശ്യം ഹെെക്കോടതി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അദാനി ഗ്രൂപ്പിന് മുമ്പ് വിമാനത്താവളം നടത്തിയുള്ള മുൻപരിചയം ഇല്ലെന്ന് സംസ്ഥാന സർക്കാർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ടെൻഡർ നടപടികളിൽ ക്രമക്കേടുണ്ടെന്നും വിമാനത്താവള നടത്തിപ്പ് കെെമാറുന്നതിൽ പൊതുതാൽപര്യം പരിഗണിച്ചിട്ടില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. നടപടി ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും സർക്കാർ വ്യക്തമാക്കി.

അദാനി ഗ്രൂപ്പിന് കെെമാറാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നുവെന്നും ഹർജിയിൽ പറയുന്നുണ്ട്. വിമാനത്താവളത്തിൻ്റെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപികരിച്ച് സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കുക, അല്ലെങ്കിൽ റെെറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ അധികാരം കമ്പനിക്ക് നൽകുക എന്നീ ആവശ്യങ്ങളാണ് കേരളം കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. അദാനിക്ക് നൽകുന്ന അതേ തുകയിൽ വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഹർജിയിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് കേരളത്തിൻ്റെ പുതിയ നീക്കം.

content highlights: state government filed a plea in supreme court against leasing out Thiruvananthapuram airport to Adani