മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് വേണം; നിവേദനവുമായി കേരള പത്ര പ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാനുള്ള കമ്മീഷന്‍ നടപടിയെ അഭിനന്ദിച്ച് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍. കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പില്‍ പൊതു ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍, കൊവിഡ് ബാധിതര്‍ക്ക് തപാല്‍ വോട്ട് സൗകര്യം ഉള്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെയാണ് പത്ര പ്രവര്‍ത്തക യൂണിയന്‍ പ്രശംസിച്ചത്. കൊവിഡ് ബാധിതര്‍ക്ക് ലഭിക്കുന്ന അതേ സൗകര്യം വോട്ടവകാശമുള്ള കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം തന്നെ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ സമ്മതി ദാന അവകാശം നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള നടപടി കമ്മീഷന്‍ സ്വീകരിക്കണമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ഒട്ടുമിക്ക മാധ്യമ പ്രവര്‍ത്തകരും തങ്ങളുടെ തെരഞ്ഞെടുപ്പ് ബൂത്തില്‍ നിന്നും വളരെ ദൂരെ ജോലി ചെയ്യുന്ന സാഹചര്യവും തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ കൃത്യമായി ജനങ്ങളിലെത്തിക്കേണ്ടതിനാല്‍ അവധിയെടുത്ത് വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത സാഹചര്യവും പരിഗണിച്ച് പോസ്റ്റല്‍ വോട്ട് സംവിധാനം സജ്ജമാക്കണമെന്നും പത്ര പ്രവര്‍ത്തക യൂണിയന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കൊവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘ ദൂര യാത്രകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയും നിവേദനത്തില്‍ ചൂണ്ടികാട്ടിയിരുന്നു. ഡിസംബര്‍ 8 മുതല്‍ 12 വരെ മൂന്ന് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. കൊവിഡ് ബാധിതര്‍ക്ക് പോസ്റ്റല്‍ വോട്ടിനും നേരിട്ട് ബൂത്തുകളില്‍ എത്തി വോട്ട് ചെയ്യാനായി പ്രത്യേക സമയ ക്രമവും നിശ്ചയിച്ച സര്‍ക്കുലറിനും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

Content Highlight: Kerala Working Journalists Union demands Postal Vote for Journalists