ലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരേക്കാൾ രോഗം പകരുന്നത് ലക്ഷണങ്ങളോട് കൂടിയ രോഗികളിൽ നിന്നുമെന്ന് ആരോഗ്യ വിദഗ്ദർ. ചുമ, തുമ്മൽ തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളിൽ നിന്ന് വൈറസിന്റെ സഞ്ചാര വേഗവും സഞ്ചാര ദൈർഘ്യവും കൂടുമെന്നതാണ് കാരണം. ലക്ഷണങ്ങൾ പ്രകടമല്ലാത്ത രോഗികളിൽ നിന്നുള്ള രോഗ വ്യാപന നിരക്ക് രോഗ ലക്ഷണമുള്ളവരിൽ നിന്ന് നാലിരട്ടിയോളം കുറവായിരിക്കുമെന്നാണ് ഇംപീരിയൽ കോളേജ് ലണ്ടനിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്.
നേരത്തെയുള്ള രോഗ നിർണ്ണയവും സമ്പർക്ക വിലക്കും രോഗ വ്യാപനം കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപെട്ടു. ലക്ഷണമില്ലാത്ത രോഗികൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാത്തതിനാൽ വൈറസ് അധികദൂരം വ്യാപിക്കുന്നതിനുള്ള സാധ്യത കുറയും. മാത്രവുമല്ല അന്തരീക്ഷത്തിലെത്തുന്ന രോഗാണുക്കളുടെ അളവിലും കുറവ് വരുമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. സമൂഹത്തിൽ ലക്ഷണം പ്രകടമാകാത്ത രോഗികളെ അപേക്ഷിച്ച് ലക്ഷണമുള്ള രോഗികൾ കൂടുതലായതിനാൽ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പബ്ലിക് ഹെൽത്ത് ഫൌണ്ടെഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഡോക്ടർ കെ ശ്രീനാഥ് റെഡ്ഡി അഭിപ്രായപെട്ടു.
ലക്ഷണമില്ലാത്ത രോഗികളെ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ ഇവരിൽ നിന്നുള്ള രോഗ പകർച്ചക്കുള്ള സാധ്യത കൂടുതലാണെന്ന വിശ്വാസം ആദ്യം നിലനിന്നിരുന്നു. എന്നാൽ ലക്ഷണം പ്രകടമാക്കുന്നതോ ആദ്യഘട്ട ലക്ഷണങ്ങളുള്ള രോഗികളോ ആണ് രോഗ വ്യാപനം കൂട്ടാനിടയാക്കുന്നതെന്നതാണ് വിദഗ്ദരും, ആരോഗ്യ പ്രവർത്തകരും, ലോകാരോഗ്യ സംഘടനയും അഭിപ്രായപെടുന്നത്.
Content Highlights; symptomatic people with covid 19 infections tend to spread the virus more