തിരുവനന്തപുരം: ബെംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബികടലിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യത തള്ളാതെ കാലാവസ്ഥ നിരീക്ഷണ ഏജന്‍സികള്‍. ഇന്ന് രാത്രിയോടെ ശ്രീലങ്കയില്‍ കര തൊടുന്ന ചുഴലിക്കാറ്റ് ലങ്കയിലൂടെ സഞ്ചരിച്ച ശേഷം നാളെ രാത്രിയോടെ തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റ് കര തൊടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്.
കേരളവും ഉള്‍പ്പെട്ട സഞ്ചാര പഥമാണ് സ്വകാര്യ കാലാവസ്ഥ ഏജന്‍സി പുറത്ത വിട്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍ കര വഴി ചുഴലികാറ്റ് കടന്നു പോയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒടുവില്‍ നല്‍കുന്ന വിവരം. ചുഴലികാറ്റിന്റെ വേഗത നൂറു കിലോമീറ്ററില്‍ താഴെയായിരിക്കുമെന്നതിനാല്‍ ജനങ്ങള്‍ അമിതമായി ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
ചുഴലിക്കാറ്റ് കരതൊട്ട് കരയിലൂടെ പ്രവേശിക്കുന്നതിനാല്‍ കാറ്റിന്റെ വേഗത കുറയാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. എന്നാല്‍ ഓഖി ചുഴലിക്കാറ്റില്‍ ഉണ്ടായ പോലെ അതിശക്തമായ നാശനഷ്ടങ്ങള്‍ ബുറെവിയില്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്നും നാളെ രാവിലെ മുതല്‍ മറ്റന്നാള്‍ വൈകിട്ട് വരെ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Content Highlight: Burevi Cyclone may touch Kerala