നിർബന്ധിത മതപരിവർത്തനത്തിനെതിരായ നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഉത്തർപ്രദേശിൽ മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം പൊലീസ് തടഞ്ഞു. വിവാഹ ചടങ്ങുകൾ നടക്കുന്നതിന് തൊട്ടു മുമ്പ് പൊലീസ് എത്തി ഇരു കൂട്ടരോടും സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ഇരുകൂട്ടരേയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പുതിയ ഓർഡിനൻസിൻ്റെ പകർപ്പ് നൽകി.
ജില്ലാ മജിസ്ട്രേറ്റിൽ നിന്ന് നിയമപരമായി അനുമതി നേടണമെന്നും പൊലീസ് ഇവരോട് ആവശ്യപ്പെട്ടു. ഇരുകുടുംബങ്ങളുടേയും അനുമതിയോടെയാണ് ഈ വിവാഹം നടക്കാനിരുന്നത്. എന്നാൽ ഇനി നിയമപരമായ അനുമതി നേടിയ ശേഷം വിവാഹം നടത്താനാണ് കുടുംബങ്ങളുടെ തീരുമാനമെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഉത്തർപ്രദേശിലെ നിയമവിരുദ്ധ മതപരിവർത്തന നിരോധന ഓർഡിനൻസ് പ്രകാരം വിവാഹത്തിന് വേണ്ടി നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നത് കുറ്റമാണ്. ഈ ഓർഡിനൻസ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാകും കേസ് ചാർജ് ചെയ്യുക. വിവാഹത്തിന് ശേഷം മതപരിവർത്തനം നടത്താൻ ആഗ്രഹിക്കുന്നവർ രണ്ട് മാസം മുമ്പ് തന്നെ ജില്ലാ മജിസ്ട്രേറ്റിനെ വിവരമറിയിക്കണം.
content highlights: UP Cops Stop Inter-Faith Wedding, Week After New Conversion Law