തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരു നൽകാനുള്ള തീരുമാനം സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ഗോള്‍വാള്‍ക്കറിന് രാജ്യത്തിൻ്റെ ശാസ്ത്ര പുരോഗതി സംബന്ധിച്ച് വിശാലമായ കാഴ്ചപ്പാടും ഉള്‍ക്കാഴ്ചയും ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ ആദർശങ്ങൾ ഇന്നും പ്രസക്തമാണെന്നും എം.ടി. രമേശ് പറഞ്ഞു. ഗോൾവാൾക്കർ നാഷണൽ സെൻ്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ ക്യാൻസർ ആൻഡ് വെെറൽ ഇൻഫെക്ഷൻ എന്ന് തന്നെ രണ്ടാമത്തെ ക്യാമ്പസ് അറിയപ്പെടുമെന്നും അതിൽ അത്രക്ക് സങ്കടമുള്ളവർ മുഷ്ടി ചുരുട്ടി നാല് മുദ്രവാക്യം ആകാശത്തേക്ക് വിളിക്ക് ചിലപ്പോൾ മാറുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിനു ഗുരുജിയുടെ പേര് നൽകിയ കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. യുഗപുരുഷനായ ഗുരുജിയുടെ പേരുപോലും ഉച്ചരിക്കാൻ അർഹതയില്ലാത്ത പടുപാമര വൃന്ദങ്ങൾ ഓരിയിടട്ടെ, ന്യൂനപക്ഷ വർഗീയതയെ എക്കാലവും താലോലിക്കുന്ന സി.പി.എമ്മിനും കോൺഗ്രസ്സിനും ഗുരുജിയുടെ പേര് കേൾക്കുമ്പോൾ അൽപം വിഷമം കാണും, അത് നല്ല ഉപ്പുംകൂട്ടി കടിച്ച് സഹിക്കുക മാത്രമേ നിവർത്തിയുള്ളു. പൂജനീയ ഗുരുജി പടുത്തുയർത്തിയ മഹാസംഘ വൃക്ഷത്തിൻ്റെ തണലിൽ സ്വയം സമർപ്പിച്ച് ജീവിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടിൽ ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് ഗുരുജിയുടെ പേരിട്ടതിൽ സഖാക്കൾക്ക് ഇത്ര ഖേദമുണ്ടായിട്ട കാര്യമില്ല.എം.എസ്.എസി ബിരുദത്തിന് ശേഷം ശാസ്ത്ര ഗവേഷണം തുടങ്ങിയ ഗുരുജിക്ക് രാജ്യത്തിൻ്റെ ശാസ്ത്ര പുരോഗതി സംബന്ധിച്ചും വിശാലമായ കാഴ്ചപ്പാടും ഉൾക്കാഴ്ചയും ഉണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ കോഴിക്കോട്ടെ ഫുട്ബോൾ സ്റ്റേഡിയത്തിന് ഇ.എം.എസ്സിൻ്റെ പേരിട്ടത് നമ്പൂതിരിപ്പാട് ഏത് കപ്പിന് വേണ്ടി കളിക്കളത്തിലിറലിറങ്ങിയതിൻ്റെ പേരിലാണ്.തന്റെ 34ആം വയസ്സിൽ ആർ എസ് എസ് സർസംഘചാലകായി 33 വർഷത്തോളം ആ പദവിയിലിരുന്ന്, സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ആർ എസ്സിന് ശക്തിപകർന്ന ഗുരുജി പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പ്രസ്ഥാനത്തിന് കരുത്തായി നിന്നു.ഇക്കാണുന്ന സംഘപ്രസ്ഥാനങ്ങളുടെയെല്ലാം ഉപജ്ഞാതാവും ഗുരുജി തന്നെ.ക്യാമ്പസ് ശ്രീ ഗുരുജി മാധവ് സദാശിവ്യുടെ ആദർശങ്ങൾ അന്നെന്ന പോലെ ഇന്നും പ്രസക്തമാണ്.ഗോൾവാൾക്ക’ർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ ക്യാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ എന്ന നാമത്തിൽ തന്നെ രണ്ടാമത്തെ ക്യാംപസ് അറിയപ്പെടും. അതിൽ അത്രക്ക് സങ്കടമുള്ളവർ മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം ആകാശത്തേക്ക് വിളിക്ക് ചിലപ്പോൾ മാറുമായിക്കും
content highlights: MT Ramesh response on move to name new Centre for Biotechnology campus after Golwalkar