തപാൽ വോട്ടിനുള്ള അപേക്ഷ നിക്ഷേധിക്കപ്പെട്ടതോടെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ഇക്കുറി വോട്ട് ചെയ്യില്ല. എല്ലാ തെരഞ്ഞെടുപ്പിലും പറവൂർ ഗവ. എച്ച് എസ്എസിലെ പോളിങ് ബൂത്തിൽ വിഎസും കുടുംബവും വോട്ട് ചെയ്യാനെത്തിയിരുന്നു. അനാരോഗ്യം കാരണം ഇത്തവണ തിരുവനന്തപുരത്തുനിന്ന് യാത്ര ചെയ്ത് ആലപ്പുഴയിലെത്തി വോട്ട് ചെയ്യുക പ്രയാസമാണ്.
ദിവസങ്ങൾക്ക് മുൻപ് വിഎസ് തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാൽ ചട്ടമനുസരിച്ച് തപാൽ വോട്ടിന് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെന്ന് വിഎസിൻ്റെ മകൻ വി.എ. അരുൺകുമാർ പറഞ്ഞു. ഇത്രയും ദൂരം യാത്ര ചെയ്യുന്നതിന് ഡോക്ടർമാരുടെ വിലക്കുമുണ്ട്. വോട്ട് ചെയ്യാൻ കഴിയാത്തതിൽ വിഎസ് അസ്വസ്ഥനാണെന്നും അരുൺകുമാർ പറഞ്ഞു.
1951ലെ ആദ്യ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുതൽ എല്ലാ തെരഞ്ഞെടുപ്പിലും വിഎസ് വോട്ട് ചെയ്തിട്ടുണ്ട്. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡിലായിരുന്നു വിഎസിൻ്റേയും കുടുംബാംഗങ്ങളുടേയും വോട്ട്. ചട്ടപ്രകാരം കൊവിഡ് ബാധിതർ, കൊവിഡുമായി ബന്ധപ്പെട്ട് ക്വാറൻ്റീനിൽ കഴിയുന്നവർ, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമെ തപാൽ വോട്ട് അനുവദിക്കുകയുള്ളു. തപാൽ വോട്ട് അനുവദിക്കാൻ സാങ്കേതിക തടസ്സങ്ങൾ ഉള്ളതിനാൽ ഖേദിക്കുന്നതായി ഉദ്യോഗസ്ഥർ വിഎസിൻ്റെ കുടുംബാംഗങ്ങളെ അറിയിച്ചു.
content highlights: V.S. Achuthanandan not to cast his vote