ആവശ്യസേവനമേഖലയിലുള്ള വ്യക്തികളെ 2020ലെ ടെെ മാഗസിൻ്റെ പേഴ്സൺ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, വിതരണ തൊഴിലാളികൾ, പലചരക്കുകട നടത്തുന്നവർ തുടങ്ങി കൊവിഡ് പ്രതിസന്ധിക്കിടയിൽ സ്വന്തം ജീവൻ അപകടപ്പെടുത്തി സേവനത്തിനിറങ്ങിയ ആവശ്യസേവനമേഖലയിലെ വ്യക്തികളെയാണ് ഈ വർഷത്തെ പേഴ്സൺ ഓഫ് ദി ഇയർ ആയി വായനക്കാർ തെരഞ്ഞെടുത്തത്.
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്, ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ്, മാർപ്പാപ്പ തുടങ്ങി എൺപതോളം മത്സരാർത്ഥികളിൽ നിന്നാണ് ആവശ്യസേവന ദാതാക്കളെ വയനക്കാർ തെരഞ്ഞെടുത്തത്. 2020ൽ സ്വാധീനിച്ച വ്യക്തകളെയോ സംഘങ്ങളെയോ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കാനാണ് ടെെം ആവശ്യപ്പെടിരുന്നത്. 6.5 ശതമാനം വോട്ടുകളാണ് കൊവിഡ് മുന്നണി പോരാളികൾക്ക് ലഭിച്ചത്.
യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറായ ആൻ്റണി ഫൌസി 5 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 4.3 ശതമാനം വോട്ടുകൾ കരസ്ഥമാക്കി മൂന്നാം സ്ഥാനം സ്വന്തമാക്കിയത് അഗ്നിശമനസേന പ്രവർത്തകരാണ്. ഓസ്ട്രേലിയ ഉൾപ്പെടെ ലോകമെമ്പാടുമുള്ള കാട്ടുതീ നേരിടാൻ സ്വന്തം ജീവൻ പണയം വച്ച് പ്രവർത്തിച്ചവരാണ് അഗ്നിശമനസേന പ്രവർത്തകരെന്ന് ടെെം പറയുന്നു. ബ്ലാക്ക് ലെെവ്സ് മാറ്റർ ആക്ടിവിസ്റ്റുകളാണ് നാലുശതമാനം വോട്ടുനേടി നാലാം സ്ഥാനം കരസ്ഥമാക്കിയത്. ജോ ബെെഡനാണ് അഞ്ചാം സ്ഥാനത്ത്. 3.8 ശതമാനം വോട്ടുകളാണ് ഇദ്ദേഹം നേടിയത്.
content highlights: Essential workers win TIME’s 2020 Person of the Year Reader Poll