തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ മികച്ച പോളിംങ്. ഉച്ചവരെ 51.45 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പിനെ കുറിച്ച് ആശങ്കയുണ്ടായിരുന്നെങ്കിലും മികച്ച പ്രതികരണമാണ് പൊടുജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
ചിലയിടങ്ങളില്‍ യന്ത്ര തകരാര്‍ മൂലം വോട്ടെടുപ്പ് തടസപ്പെട്ടെങ്കിലും മറ്റു ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര പ്രകടമായിരുന്നു. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് ആലപ്പുഴയിലാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വോട്ടിങ് 50 ശതമാനം കടന്നു. തിരുവനന്തപുരത്താണ് കുറവ് പോളിങ്. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം ബിജെപിക്ക് ഗംഭീര വിജയമുണ്ടാകുമെന്ന് സുരേഷ് ഗോപി എം. പി. പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട മുന്നേറ്റം ഐക്യ ജനാധിപത്യ മുന്നണിക്ക് കൊല്ലത്ത് നേടാനാവുമെന്ന് എന്‍. കെ. പ്രേമ ചന്ദ്രന്‍ എംപിയും വിശദമാക്കി.
അതേസമയം, കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് ശേഷം കൊവിഡ് പോസിറ്റീവാകുന്നവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും ചൊവ്വാഴ്ച്ച നേരിട്ട് പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനും സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. വ്യാഴാഴ്ച്ചയാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ പരസ്യ പ്രചാരണം ചൊവ്വാഴ്ച്ച വൈകിട്ടോടെ സമാപിക്കും.
Content Highlight: Voting continuing in five Districts