തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന പി.സി ജോർജിൻ്റെ ഹർജി ഹെെക്കോടതി തള്ളി

High Court has rejected the plea to postpone the local body elections

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോർജ് എം.എൽ.എ നൽകിയ പരാതി ഹെെക്കോടതി തള്ളി. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ നവംബർ, ഡിസംബർ മാസങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോർജ്  സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.  പൊതുജനാരോഗ്യത്തെ മുൻനിർത്തി കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോർജ് കോടതിയെ സമീപിച്ചത്. പൊതുജന ആരോഗ്യം പരിഗണിച്ച് വേണ്ട മുൻകരുതലുമായി ഡിസംബർ മാസത്തോടെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനമെന്ന് കമ്മീഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. 

content highlights: High Court has rejected the plea to postpone the local body elections