നരേന്ദ്ര മോദി പ്രസ്താവിച്ചത് പോലെ കുത്തനെയുള്ള ഇന്ധനവിലക്കയറ്റം സർക്കാർ പരാജയമാണെന്നതിന്റെ പ്രധാന ഉദാഹരണമാണെന്ന് പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഇന്ധന വില വർധനവിൽ യുപിഎ സർക്കാരിനെ കുറ്റപെടുത്തി കൊണ്ട് 2012 മെയിൽ നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത ട്വീറ്റ് ഉൾപെടെ ഷെയർ ചെയ്തു കൊണ്ടായിരുന്നും ശശി തരൂരിന്റെ പരിഹാസം.
കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ധനവില ഉയർന്നതിന് വിമർശിച്ച് മോദി അന്ന് രംഗത്തെത്തിയിരുന്നു. സർക്കാർ പരാജയമാണെന്ന് സൂചിപ്പിക്കുന്നതാണ് ഇന്ധവിലക്കയറ്റമെന്നായിരുന്നു മോദിയുടെ ട്വീറ്റ്. മാത്രവുമല്ല വില വർധനവ് ഗുജറാത്തിന് മേൽ കോടിക്കണക്കിന് രൂപയുടെ അധികഭാരം ഉണ്ടാക്കുമെന്നും അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന മോദി വ്യക്തമാക്കിയിരുന്നു.
‘നമോ അന്ന് പറഞ്ഞത് ശരിയാണ്, സർക്കാർ പരാജയമാണെന്നതിന് പ്രധാന ഉദാഹരണമാണ് കുത്തനെയുള്ള വിലക്കയറ്റം. യുപിഎ സർക്കാരിന്റെ കാലത്ത് ആഗോള വില ബാരലിന് 140 ഡോളറായിരുന്നു. എന്നാൽ ബിജെപി ഭരണകാലത്ത് അതിന്റ മൂന്നിലൊന്ന് മാത്രമാണ് വില. സാമ്പത്തിക രംഗത്തിന്റെ തെറ്റായ രീതിയിലുള്ള കൈകാര്യവും അനിയന്ത്രിതമായ നികുതി വർധനയുമാണ് വിലക്കയറ്റത്തിന് കാരണമെന്നുമാണ് ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്’
Content Highlights; Shashi Tharoor ridicule Narendra Modi in petrol price hike







