തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി നടന്നു വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനായുള്ള തയാറെടുപ്പുകള്‍ അവസാനിച്ചതായി അധികൃതര്‍. മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബൂത്തുകളിലെ കള്ളവോട്ട്, മാവോയിസ്റ്റ് ഭീക്ഷണി തുടങ്ങിയവ തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മൂന്നാഘട്ടത്തില്‍ നാല് ജില്ലകളിലെ 89,37,158 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, മുന്‍സിപാലിറ്റി, കോര്‍പറേഷന്‍ എന്നിവയിലായി 22969 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. പോളിങ് സാമഗ്രി വിതരണം ഇന്ന് രാവിലെ 8 മുതല്‍ തുടങ്ങും. കോവിഡ് സാഹചര്യം പരിഗണിച്ച് വിവിധ ഡിവിഷനുകള്‍ക്ക് പ്രത്യേക സമയക്രമം പാലിച്ചാണ് വിതരണം നടത്തുക. പോളിങ് സാമഗ്രികള്‍ക്കൊപ്പം പിപിഇ കിറ്റ്, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങി കോവിഡ് തടയാനുള്ള സാമഗ്രികളും വിതരണം ചെയ്യുന്നുണ്ട്. നാല് ജില്ലലകളിലും ഇന്ന് നിശബ്ദ പ്രചാരണത്തിന് മാത്രമാണ് അനുമതി.
ഈ മാസം 8 ന് ആരംഭിച്ച് ജില്ല തിരിഞ്ഞ് മൂന്ന് ഘട്ടങ്ങളായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി വന്‍ സുരക്ഷ ക്രമീകരണങ്ങളോടെയായിരുന്നു തെരഞ്ഞെടുപ്പ്. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം, കൊവിഡ് രോഗികള്‍ക്ക് നേരിട്ടെത്തി വോട്ട് ചെയ്യാനുള്ള സജ്ജീകരണവും ഒരുക്കിയിരുന്നു. ഡിസംബര്‍ 16 നാണ് തെരഞ്ഞെടുപ്പ് ഫലം.
Content Highlight: Final Stage of Local Body Elections held tomorrow