തൃശൂർ കോർപ്പറേഷനിൽ തന്നെ തോൽപ്പിക്കാൻ സിപിഎമ്മും കോൺഗ്രസും വോട്ട് കച്ചവടം നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. കോർപ്പറേഷൻ രണ്ടാം ഡിവിഷനിൽ മത്സരിച്ച തനിക്കെതിരെ സിപിഎം കോൺഗ്രസിന് വോട്ട് മറിച്ചതിന് തൻ്റെ പക്കൽ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ കോർപ്പറേഷനിലെ ബിജെപിയുടെ മേയർ സ്ഥാനാർഥി കൂടിയാണ് ബി.ഗോപാലകൃഷ്ണൻ.
താൻ മത്സരിച്ച ഡിവിഷനിൽ 283 വോട്ട് കോൺഗ്രസിന് നൽകി. മൂന്നാം ഡിവിഷനിൽ സിപിഎമ്മിന് മറുപടിയായി 150 വോട്ട് കോൺഗ്രസ് കൊടുത്തതിനും തെളിവുകൾ ഉണ്ട്. സിപിഎം- കോൺഗ്രസ് വോട്ടു കച്ചവടമാണ് ഈ തെരഞ്ഞെടുപ്പിൽ നടന്നതെങ്കിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇവർ സഖ്യമായി മാറുമെന്ന് ഉറപ്പാണ്. ഗോപാലകൃഷ്ണൻ പറഞ്ഞു.
മുസ്ലീം തീവ്രവാദികളുമായി പോലും സിപിഎമ്മും കോൺഗ്രസും സഖ്യം ഉണ്ടാക്കി. പരസ്പരം വോട്ട് കച്ചവടം നടത്തി ബിജെപിയുടെ വിജയം തടയാനാണ് ഇവർ ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങൾ ബിജെപിക്കൊപ്പം ചേരുന്നത് മതേതരത്വം മുഖമറയാക്കി വോട്ട് നേടാൻ ശ്രമിച്ചുവന്ന സിപിഎമ്മിനും കോൺഗ്രസിനും തലവേദനയായി മാറി. തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഇമ്രാൻഖാൻ്റേയും പാക്കിസ്താൻ്റേയും വോട്ടും സഹായവും തേടുന്ന തരത്തിൽ ഇരുപാർട്ടികളും അധഃപതിച്ചിരിക്കുന്നതിൻ്റെ തെളിവാണ് കെ. മുരളീധരൻ്റേയും മുഖ്യമന്ത്രിയുടേയും പ്രസ്താവനയെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
content highlights: CPM and Congress traded vote against me says B Gopalakrishnan