മദ്രാസ് ഐഐടിയിലെ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 774 വിദ്യാർത്ഥികളാണ് ക്യാമ്പസിലുള്ളത്. കൊവിഡ് ബാധിച്ചവരിൽ ഭൂരിഭാഗവും കൃഷ്ണ, യമുന ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒരു മെസ് മാത്രം പ്രവർത്തിപ്പിച്ചാൽ മതിയെന്ന അധികൃതരുടെ തീരുമാനമാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.
ഞായറാഴ്ച 32 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് വിദ്യാർത്ഥികളെ എല്ലാവരേയും കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. നിലവിൽ 66 വിദ്യാർത്ഥികൾക്കും അഞ്ച് സ്റ്റാഫാംഗങ്ങൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ ഡിപ്പാർട്മെന്റുകളും അടച്ചിടാൻ അധികൃതർ നിർദേശിച്ചു. കൂടാതെ പനി, ചുമ, തൊണ്ടവേദന, രുചി മണം എന്നിവ നഷ്ടമാവുക തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രി അധികൃതരുമായി ബന്ധപെടണമെന്നും നിർദേശിച്ചിട്ടുണ്ട്.
Content Highlights; 71 test covid positive in madras iit