ഹൃത്വിക് റോഷൻ- കങ്കണ കേസ് ക്രെെംബ്രാഞ്ചിലേക്ക്

Hrithik Roshan-Kangana Ranaut email fight case transferred from Mumbai cyber cell to CIU

തൻ്റെ ഇമെയിൽ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോർത്തിയെന്ന കങ്കണ റണാവത്തിൻ്റെ ആരോപണത്തിൽ ഹൃത്വിക് റോഷൻ നൽകിയ പരാതി  സെെബർ സെല്ലിൽ നിന്ന് ക്രെെം ഇൻ്റലിജൻസ് യൂണിറ്റിലേക്ക് മാറ്റി. 2016ൽ രജിസ്റ്റർ ചെയ്ത കേസാണ് ഇപ്പോൾ ക്രെെം ഇൻ്റലിജൻസ് യൂണിറ്റിലേക്ക് മാറ്റിയിരിക്കുന്നത്. 2013ലും 2014ലും കങ്കണ റണാവത്തിൻ്റെ ഇമെയിൽ ഐഡിയിൽ നിന്ന് നൂറുകണക്കിന് ഇമെയിലുകൾ ലഭിച്ചുവരുന്നുവെന്ന് കാണിച്ച് 2016ലാണ് സെെബർ സെല്ലിൽ ഹൃത്വിക് പരാതി നൽകുന്നത്. കേസിൻ്റെ അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ലെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ മഹേഷ് ജെത്മാലനി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് അന്വേഷണം ക്രെെം ഇൻ്റലിജൻസ് യൂണിറ്റിലേക്ക് മാറ്റിയത്. 

അതേസമയം കങ്കണ അന്ന് നൽകിയ പരാതിയിൽ ഹൃത്വികിനെതിരെ തെളിവ് ലഭിക്കാത്തതിനാൽ പൊലീസ് കങ്കണയുടെ കേസിൽ നടപടി എടുത്തിരുന്നില്ല. ഹൃത്വിക് അയച്ചു എന്ന് പറയപ്പെടുന്ന മെയിലുകൾ ഹാജരാക്കാൻ കങ്കണയ്ക്ക് കഴിയാതെ പോയതാണ് കേസിൽ തിരിച്ചടിയായത്.

ഹൃത്വികിൻ്റെ കേസ് ക്രെെംബ്രാഞ്ചിലേക്ക് മാറ്റിയതോടെ വിമർശനവുമായി കങ്കണ രംഗത്തെത്തി. ഹൃത്വികിൻ്റെ കദനകഥ വീണ്ടും ആരംഭിച്ചിരിക്കുന്നു എന്നായിരുന്നു കങ്കണയുടെ പ്രതികരണം. ആയാൾ വീണ്ടും കരയാൻ തുടങ്ങി. ഞങ്ങൾ തമ്മിലുള്ള ബ്രേക്കപ്പും അയാളുടെ വിവാഹ മോചനവും കഴിഞ്ഞിട്ട് ഒരുപാട് വർഷങ്ങളായിട്ടും ജീവിതം മുന്നോട്ട് നീങ്ങാൻ അയാൾ തയ്യാറാകുന്നില്ല. മറ്റൊരു സ്ത്രീയെ ഡേറ്റ് ചെയ്യാനും ശ്രമിക്കുന്നില്ല. എൻ്റെ ജീവിതത്തിൽ എന്തെങ്കിലും പ്രതീക്ഷ കണ്ടെത്താൻ ഞാൻ ധെെര്യം ശേഖരിക്കുമ്പോൾ അവൻ വീണ്ടും അതേ നാടകം ആരംഭിക്കുന്നു. ഹൃത്വിക് ഇത്ര ചെറിയ ബന്ധത്തിൻ്റെ പേരിൽ എത്രകാലം കരഞ്ഞുകൊണ്ടിരിക്കും. കങ്കണ ട്വിറ്ററിൽ കുറിച്ചു. 

2016ലായിരുന്നു ഹൃത്വിക്കും കങ്കണയും തമ്മിലുള്ള പോര് മുറുകുന്നത്. ഹൃത്വികുമായി താൻ പ്രണയത്തിലായിരുന്നുവെന്നും വിവാഹ നിശ്ചയം വരെ കഴിഞ്ഞുവെന്നും കങ്കണ അവകാശപ്പെട്ടിരുന്നു. 

content highlights: Hrithik Roshan-Kangana Ranaut email fight case transferred from Mumbai cyber cell to CIU