നിയമ നടപടികളില്‍ നിന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് സംരക്ഷണം വേണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: വാക്‌സിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നിയമ നടപടികളില്‍ നിന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് സംരക്ഷണം വേണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനവാല. വാക്‌സിന്‍ വികസനത്തിനിടയിലെ വെല്ലുവിളികളെക്കുറിച്ച് ഒരു വെര്‍ച്വല്‍ പാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്.

ഇത്തരം പ്രശ്‌നങ്ങള്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിലുള്ള ഭയം വര്‍ദ്ധിപ്പിക്കാനും വാക്‌സിന്‍ നിര്‍മ്മിക്കുന്ന കമ്പനികളെ പാപ്പരാക്കാനോ ഇടയാക്കുമെന്നതിനാലാണ് ഈ നിര്‍ദ്ദേശമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വാക്‌സിന്‍ നിര്‍മതാക്കള്‍ ഇത് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിയമ വ്യവഹാരങ്ങള്‍ക്കെതിരേ നിര്‍മാതാക്കള്‍ക്ക്, പ്രത്യേകിച്ച് വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. കോവാക്‌സും മറ്റ് രാജ്യങ്ങളും ഇതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദാര്‍ പൂനവാല പറഞ്ഞു.

നേരത്തെ കോവിഷീല്‍ഡ് കോവിഡ് വാക്‌സിനെതിരെ ആരോപണം ഉന്നയിച്ച ചെന്നൈ സ്വദേശിക്കെതിരെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 100 കോടിരൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.

Content Highlight: Govt Must Protect Vaccine Makers Against Lawsuits, Frivolous Claims Invite Skepticism: Adar Poonawalla