എസ്എൻ‌ഡിപി യൂണിയൻ സെക്രട്ടറി മഹേശൻ്റെ ആത്മ​ഹത്യ; വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Alappuzha CJM court ordered to register fir Against Vellappally Natesan and Thushar Vellappally

എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശൻ്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശന്‍, സഹായി കെഎല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്. ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാനാണ് കോടതി മാരാരിക്കുളം പൊലീസിനോട് ആവശ്യപ്പെട്ടത്.

2020 ജൂണ്‍ 20 നാണ് കെകെ മഹേശനെ കണിച്ചുകുളങ്ങരയിലെ യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കുടുംബം വെള്ളാപ്പള്ളിക്കും തുഷാറിനും കെഎല്‍ അശോകനുമെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്. ആത്മഹത്യാപ്രേരണകുറ്റം ചുമത്താതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നാരോപിച്ചാണ് മഹേശൻ്റെ കുടുംബം കോടതിയെ സമീപിച്ചത്. 

മാരാരിക്കുളം പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കേണ്ടത്. നിലവില്‍ അസ്വാഭാവിക മരണം മാത്രമായാണ് മാരാരിക്കുളം പൊലീസ് കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് മഹേശൻ്റെ കുടുംബം പലതവണ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എവിടെയും എത്താതെ വന്നതോടെയാണ് മഹേശൻ്റെ ഭാര്യ കോടതിയെ സമീപിച്ചത്. 

content highlights: Alappuzha CJM court ordered to register fir Against Vellappally Natesan and Thushar Vellappally