ബ്രിട്ടനിൽ പുതിയതരം കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്ന് എത്തുന്നവർക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗരേഖയിറക്കി. ഈ മാസം 21-നും 23-നുമിടയ്ക്ക് യു.കെ.യിൽനിന്നോ യു.കെ. വഴിയോ യാത്രചെയ്തുവന്നവരെ വിമാനത്താവളത്തിൽ ആർ.ടി.-പി.സി.ആർ. പരിശോധനയ്ക്കു വിധേയരാക്കണം. ഫലം പോസിറ്റീവാണെങ്കിൽ അവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലാക്കുകയും ജനിതക അടിസ്ഥാനത്തിലുള്ള ആർ.ടി.-പി.സി.ആർ. പരിശോധന നടത്തുകയും വേണം. നെഗറ്റീവായവർ വീട്ടിൽ ക്വാറൻ്റീനിലിരുന്നാൽ മതി.
ഇന്ത്യയിൽ ഇപ്പോഴുള്ള വൈറസാണ് ഇവരിൽ കണ്ടെത്തുന്നതെങ്കിൽ സാധാരണ നിലയ്ക്കുള്ള ചികിത്സാ സംവിധാനങ്ങൾ ആയിരിക്കും നൽകുക. യു.കെ.യിൽ നിന്നു വരുന്നവരുടെ വിവരങ്ങൾ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ സംസ്ഥാന സർക്കാരുകൾക്ക് നൽകും. ഡിസംബർ 21-നും 23-നുമിടയിൽ വിദേശത്തുനിന്നെത്തി കൊവിഡ് പോസിറ്റീവായ യാത്രക്കാരുമായി സമ്പർക്കം വന്ന എല്ലാവരും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിൽ പോകണം. പോസിറ്റീവായവർക്കൊപ്പം വിമാനത്തിൽ അതേനിരയിലുള്ള സീറ്റിലും മുന്നിലെയും പിന്നിലെയും മൂന്നുനിരകളിലും ഇരുന്നവരാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാററൻ്റീനിൽ പോകേണ്ടത്.
നവംബർ 25-നും ഡിസംബർ എട്ടിനുമിടയിൽ യു.കെ.യിൽ നിന്ന് ഇന്ത്യയിലെത്തിയവരെ ജില്ലാ സർവൈലൻസ് ഓഫീസർമാർ ബന്ധപ്പെടും. കൊവിഡ് ലക്ഷണങ്ങളുള്ളവർ ആർ.ടി.-പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാവണം. ഡിസംബർ ഒമ്പതിനും 23-നുമിടയിലെത്തിയവരെ ജില്ലാ സർവൈലൻസ് ഓഫീസർമാർ 14 ദിവസം തുടർച്ചയായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കും.
content highlights: special guidelines for people from the UK