രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 23,950 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 23,950 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ പത്ത് ദിവസമായി രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിനം മുപ്പതിനായിരത്തില്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതുവരെ 1,00,99,066 പേര്‍ക്കാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഇതില്‍ 96,63,382 പേര്‍ രോഗമുക്തി നേടി. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് നിലവില്‍ 2,89,240 സജീവ കേസുകള്‍ മാത്രമാണുള്ളത്.

രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണവും ദിനംതോറും ഉയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 26,895 പേരാണ് കോവിഡ് മുക്തി നേടിയത്. മരണനിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറയുന്നു എന്നതും ആശ്വാസം നല്‍കുന്നുണ്ട്. 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 333 മരണങ്ങള്‍ ഉള്‍പ്പെടെ ഇതുവരെ 1,46,444 മരണങ്ങളാണ് രാജ്യത്ത് കോവിഡ് മൂലം ഉണ്ടായിരിക്കുന്നത്.

കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തന്നെ തുടരുന്നുണ്ട്. ദിനംപ്രതി പത്തുലക്ഷത്തിലധികം സാമ്ബിളുകളാണ് പരിശോധനയ്ക്കായി സ്വീകരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം ഡിസംബര്‍ 22 വരെ 16,42,68,721 സാമ്പിളുകള്‍ പരിശോധന നടത്തിയിട്ടുണ്ട്.

Content Highlight: Covid Daily Updates in India