കോഴിക്കോട്: കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലാ ബാക്ടിരിയ്ക്ക് സമാനമായ ബാക്ടീരിയ കണ്ടെത്തിയതായി പ്രാഥമിക വിവരം. ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത ഇടത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. എന്നാല്‍ ഇത് വ്യക്തമാക്കുന്ന അന്തിമ റിപ്പോര്‍ട്ട് ആയിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗം നടത്തിയ പ്രാഥമിക പഠനത്തില്‍ വെള്ളത്തിലൂടെയാണ് ഷിഗെല്ല പടര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പ് വീണ്ടും പ്രത്യേക ഫോളോ അപ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തും.
കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം നിയന്ത്രണത്തിലെന്ന് ഡിഎംഒ അറിയിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന് പൂര്‍ത്തിയാക്കി. കോട്ടാംപറമ്പില്‍ 11 വയസുകാരന് മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിക്കുന്നത്. ഈ കുട്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കൂടി പിന്നീട് രോഗം സ്ഥിരീകരിച്ചു.
ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് രോഗ വ്യാപനമുണ്ടായത് എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. അതേ സമയം ഷിഗെല്ല ബാക്ടീരിയ എങ്ങനെ ഇവിടെ എത്തി എന്നത് വ്യക്തമല്ല.
Content Highlight: Bacteria like Shigella found in well water