ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബ്രിട്ടനില്‍ എത്തിയത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്

ലണ്ടന്‍: ബ്രിട്ടണില്‍ കണ്ടെത്തിയ വ്യാപനനിരക്ക് കൂടിയ വൈറസിന്റെ വകഭേദത്തിനു ദക്ഷിണാഫ്രിക്കയുമായി ബന്ധമുണ്ടെന്നു ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. ജനികതമാറ്റം സംഭവിച്ച വൈറസിന്റെ വകഭേദം രണ്ടു കോവിഡ് രോഗികളില്‍ തിരിച്ചറിഞ്ഞതായും ഇവര്‍ക്ക് കഴിഞ്ഞയാഴ്ചകളില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് ബ്രിട്ടനിലെത്തിയ വ്യക്തികളുമായി സന്പര്‍ക്കമുണ്ടായതായും മാറ്റ് ഹാന്‍കോക്ക് മാധ്യമങ്ങളോടു പറഞ്ഞു.

ലണ്ടനിലും വടക്കുപടിഞ്ഞാറന്‍ മേഖലയിലുമായി ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ രണ്ടു പേരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്കയിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി. സമീപ ദിവസങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിയവരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കി.

അതേസമയം ബ്രിട്ടനില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനാലാണ് ഇവിടെ നിന്നെത്തിയവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ഇന്ത്യയില്‍ ഭീതി ജനിപ്പിക്കുന്നത്. വകഭേദം വന്ന വൈറസിന് വ്യാപനശേഷി കൂടുതലാണ്. ഇപ്പോഴത്തെ കോവിഡ്19 നെക്കാളം 70 ശതമാനത്തിലധികം വ്യാപന ശേഷിയുണ്ടെന്നാണ് പഠനം. ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതായും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവിന് പിന്നില്‍ പുതിയ വൈറസായിരിക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ ആരോഗ്യവകുപ്പ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

Content Highlight: New More Infectious Coronavirus Strain From South Africa Found In UK