തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടികള്‍ക്കിടെ വീട്ടുകാരുടെ ആത്മഹത്യാശ്രമം. കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പൊലീസിനും മുന്നില്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് ഗൃഹനാഥന് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഈ മാസം 22ന് ആണ് ദാരുണമായ സംഭവം ഉണ്ടായത്. പോങ്ങില്‍ നെട്ടതോട്ടം കോളനിക്കു സമീപം രാജന് (47) ഭാര്യ അമ്പിളി (40) എന്നിവര്‍ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് ഭീഷണി മുഴക്കുന്നതിനിടെ തീ പടരുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്. ഗ്രേഡ് എസ്.ഐ. അനില്‍കുമാറിനും പൊള്ളലേറ്റിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
രാജന് തന്റെ വസ്തു കൈയേറിയെന്ന് കാണിച്ച് ജനുവരി മാസത്തില്‍ സമീപവാസിയായ വസന്ത പരാതിയുമായി നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുനിസിഫ് കോടതിയെ സമീപിച്ചിരുന്നു. കൈയ്യേറ്റം നടത്തിയ വസ്തുവില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ കൊവിഡ് വ്യാപനകാലത്ത് രാജന് ഇവിടെ കുടില്‍ കെട്ടി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസമാക്കി. ഇതിനെതിരെ വസന്ത വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് അഭിഭാഷക കമ്മീഷനെ നിയമിച്ചു. രണ്ടുമാസം മുന്‍പ് കമ്മീഷന്റെ നേതൃത്വത്തില്‍ കുടില്‍ ഒഴിപ്പിക്കാന്‍ എത്തിയെങ്കിലും രാജന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടന്നില്ല. പിന്നീട് പൊലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവിനെ തുടർന്ന് അഭിഭാഷക കമ്മീഷനും പോലീസും സ്ഥലത്തെത്തിയപ്പോഴാണ് സംഭവം അരങ്ങേറിയത്.
content highlights: Suicide attempt while evacuating home