രജനി ആശുപത്രി വിട്ടു; പൂര്‍ണ വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

Rajinikanth

ഹൈദരാബാദ്: രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്ത് ആശുപത്രി വിട്ടു. ഒരാഴ്ച പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രക്തസമ്മര്‍ദം സാധാരണ നിലയിലായെന്നും അദ്ദേഹം ഏറെ സുഖപ്പെട്ടെന്നും ഞായറാഴ്ച ഉച്ചക്ക് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആശങ്കപ്പെടാനൊന്നുമില്ലെന്നും താരത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

വെള്ളിയാഴ്ചയാണ് 70കാരനായ താരത്തെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കമല്‍ഹാസന്‍, പവന്‍ കല്യാണ്‍, മമ്മൂട്ടി തുടങ്ങി നിരവധി താരങ്ങള്‍ രജനിക്ക് ആശംസ നേര്‍ന്നിരുന്നു.

ഹൈദരാബാദില്‍ അണ്ണാത്തൈ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് രജനിയെ കോവിഡ് പരിശോധനക്ക് വിധേയനാക്കി. ഫലം നെഗറ്റീവാകുകയും ചെയ്തിരുന്നു.

Content Highlight: Rajinikanth discharged from Hospital