സ്ഥലം ഒഴിപ്പിക്കല്‍ നടപടിക്കിടെ ആത്മഹത്യാ ശ്രമം നടത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ സ്വദേശി രാജന് ആണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ ഇരു വൃക്കകളും തകരാറിലായതാണ് മരണ കാരണം. ഈ മാസം 22നാണ് സംഭവം. സ്ഥലം ഒഴിപ്പിക്കല്‍ നടപടിക്കിടെ ദമ്പതികള്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന് ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ ഇരുവരേയും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച എ.എസ്.ഐ അനില്‍ കുമാറിനും പൊള്ളലേറ്റിരുന്നു.
അതേസമയം പിതാവിന്റെ മരണത്തിനിടയാക്കിയ പോലീസുകാരനെതിരേയും അയല്‍വാസിയായ വസന്തക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജൻ്റെ മക്കൾ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് അപേക്ഷിച്ചു. ‘പപ്പയുടെ ആഗ്രഹം നിറവേറ്റാന്‍ ഒരുവഴിയുമില്ല. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ്’. മകൻ മാധ്യമങ്ങളോട് പറഞ്ഞു.
content highlights: Man who tries to commit suicide to avoid land recovery procedure dies