യു.കെയിൽ പടരുന്ന അതിവേഗ കോവിഡ് ഇന്ത്യയില്‍ കൂടുതല്‍ പേരെ ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ. നവംബർ 25 മുതല്‍ ഡിസംബർ 23 വരെ യുകെയില്‍ നിന്ന് വന്ന 33,000 പേരില്‍ 114 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 6 പേർക്കാണ് അതിവേഗ കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. ശേഷിക്കുന്നവരിലെ വൈറസിന്‍റെ സ്വഭാവം അറിയാനായി ഡൽഹി, ഹൈദരാബാദ്, ഭുവനേശ്വർ, ബാംഗ്ലൂർ, ബംഗാൾ, പൂനെ എന്നിവിടങ്ങളിലെ 10 ലാബുകളില്‍ വിദഗ്ധ പരിശോധന തുടരുകയാണ്.
യു.കെക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനക്കയക്കുന്നതിനായി കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. യു.കെയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് ഡിസംബർ 31 ന് ശേഷവും നീട്ടും. റിപ്പബ്ലിക് ദിനാഘോഷത്തിനും നിയന്ത്രണങ്ങളുണ്ടാകും. ഡിസംബർ 9 നും 22 നുമിടെ വിദേശത്ത് നിന്നെത്തിയവരില് രോഗം സ്ഥിരീകരിച്ചവരുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്ക് അയക്കാന് ആരോഗ്യമന്ത്രാലയം നിർദേശം നൽകി. കൂടാതെ നിരീക്ഷണവും സമ്പർക്ക പട്ടികയും കൃത്യമയി തുടരണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
യു.കെയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് 31ന് ശേഷവും നീട്ടേണ്ടിവരുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. സീറ്റുകളുടെ എണ്ണം കുറക്കുന്നതടക്കമുളള തീരുമാനങ്ങള്‍ സർക്കാർ ഉടനെ കൈക്കൊള്ളും. അതേ സമയം രാജ്യത്ത് അതിവേഗ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ വരും ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമെന്നാണ് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്.
Content Highlights; new variant covid virus to spread India