വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ 26 പേരെ അറസ്റ്റ് ചെയ്തു. തീവ്രമുസ്ലിം വിഭാഗത്തിൽപെട്ട ഇരുപത്തിയാറ് പേരെയാണ് പാകിസ്ഥാനി പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ പുനരുദ്ധാരണ നടപടികൾ പുരോഗമിക്കവെ പ്രതിഷേധവുമായി എത്തിയ സംഗം ക്ഷേത്രം നശിപ്പിച്ച് തീയിടുകയായിരുന്നു. റാഡിക്കൽ ജാമിയത്ത് ഉലെമ ഇ ഇസ്ലാം പാർട്ടിയുടെ നേതാവായ റഹ്മാൻ സലാം കട്ടക്കും അറസ്റ്റിലായലരിലുണ്ട്.
ബുധനാഴ്ചയാണ് ക്ഷേത്രം തകർത്ത് അഗ്നിക്കിരയാക്കിയത്. ജാമിയത്ത് ഉലെമ ഇ ഇസ്ലാം പാർട്ടിയുടെ നേതൃത്വത്തിലുള്ളവരായിരുന്നു അക്രമണത്തിന് പിന്നിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പുനരുദ്ധാരണം നടക്കുന്ന ഭാഗങ്ങളും ക്ഷേത്രത്തിലെ പഴയ ഭാഗങ്ങളും ഇവരുടെ അക്രമണത്തിൽ തകർന്നിരുന്നു. ന്യൂനപക്ഷമായി ഹിന്ദു മതത്തിലുള്ളവരുടെ അവകാശങ്ങളുടെ പച്ചയായ ലംഘനമാണ് നടന്നതെന്ന രൂക്ഷ വിമർശനം അന്തർ ദേശീയ തലത്തിൽ ഉയർന്നതോടെയാണ് അറസ്റ്റ്. ക്ഷേത്രം തകർക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ക്ഷേത്രത്തിലകത്തേക്ക് തീ കത്തിച്ച് എറിയുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു
Content Highlights; 26 held for demolishing Hindu temple in pakistan