രജനികാന്തിൻ്റെ രാഷ്ട്രീയ പിന്മാറ്റം; നടൻ്റെ വീടിന് മുന്നിൽ ആരാധകന്റെ ആത്മഹത്യാ ശ്രമം, ഗുരുതരാവസ്ഥയിൽ

Rajinikanth withdraws from politics; The fan who set himself on fire is in critical condition

നടൻ രജിനികാന്തിന്റെ വീടിന് മുന്നിൽ ആരാധകന്റെ ആത്മഹത്യാ ശ്രമം. രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം പിൻവലിച്ചതിനു പിന്നാലെയാണ് ആരാധകൻ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ചെന്നൈ സ്വദേശി മുരുകേശൻ ആണ് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറുകയാണെന്ന് മൂന്ന് പേജുള്ള ട്വിറ്റർ സന്ദേശത്തിൽ രജനികാന്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ മാത്രമുള്ള പ്രചാരണം ഫലപ്രദമാകില്ല. വാക്ക് പാലിക്കാത്തതിൽ കടുത്ത വേദനയുണ്ട്. 120 പേർ മാത്രമുള്ള ഒരു ഷൂട്ടിങ് സൈറ്റിൽ കൊവിഡ് പടർന്നതിനെ തുടർന്ന് ആരോഗ്യപ്രശ്നം നേരിടേണ്ടിവന്ന തനിക്ക് എങ്ങനെയാണ് ലക്ഷക്കണക്കിനാളുകളുള്ള ഒരിടത്തേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ സാധിക്കുക എന്ന് അദ്ദേഹം കുറിപ്പിലൂടെ ചോദിച്ചു.

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം മൂന്നാം ദിവസമായ വ്യാഴാഴ്ചയും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ തുടർന്നു. രജിനികാന്തിന്റെ വസതിക്ക് മുന്നില്‍ ഇപ്പോഴും ആരാധകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തമിഴ്നാട്ടിൽ ഉടനീളം വീണ്ടും പ്രതിഷേധ റാലി നടന്നു.

content highlights: Rajinikanth withdraws from politics; The fan who set himself on fire is in critical condition