കാഞ്ഞങ്ങാട് വാഹനാപകടത്തില്‍ മരണം ഏഴായി; അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗതമന്ത്രി

Kasargod Panathoor Bus Accident

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് പാണത്തൂരില്‍ വിവാഹ ബസ് വീടിന് മുകളിലേക്കു മറിഞ്ഞു മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേര്‍ ഗുരുതര പരിക്കുമായി ആശുപത്രിയില്‍ ചികിത്സയിലാണ്. കര്‍ണാടക ഈശ്വരമംഗലത്തുനിന്നു വന്ന ബസാണ് പാണത്തൂര്‍ പരിയാരത്ത് വീടിന് മുകളിലേക്ക് മറിഞ്ഞത്. പാണത്തൂരില്‍ ഞായറാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തില്‍ മരിച്ചവര്‍ കര്‍ണാടക സ്വദേശികളാണ്.

രാജേഷ് (45), രവിചന്ദ്ര (40), സുമതി (50), ജയലക്ഷ്മി (39), ശ്രേയസ് (13), ആദര്‍ശ് (14), ശശി എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള 11 പേരെ മംഗലാപുരത്തെ ആശുപത്രികളിലേക്കും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

ഇറക്കമിറങ്ങി വന്ന ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വീടിനുള്ളില്‍ ആളുണ്ടായിരുന്നില്ല. കര്‍ണാടകയിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Content Highlight: Seven death reported in Kanhangad road accident, Transport Minister orders probe