സംസ്ഥാന എന്‍സിപിക്കുള്ളിലെ ഭിന്നത; ചര്‍ച്ച നടത്താന്‍ ശരദ് പവാര്‍ കേരളത്തിലേക്ക്

മുംബൈ: സംസ്ഥാന എന്‍സിപിക്കുള്ളില്‍ കലഹം ഉയര്‍ന്നതോടെ സമവായമാക്കാന്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ കേരളത്തിലേക്ക്. സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്താനാണ് തീരുമാനം. പാലയുടെ പേരില്‍ നടക്കുന്ന പോരില്‍ അഭിപ്രായ ഐക്യമുണ്ടാക്കിയതിന് ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കാനാണ് പവാറിന്റെ നീക്കം.

രണ്ടാഴ്ച്ചക്കകം കൊച്ചിയിലെത്തി സംസ്ഥനാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താനാണ് പവാറിന്റെ തീരുമാനം. സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങള്‍ക്ക് പുറമേ ജില്ലാ പ്രസിഡന്റുമാരെയും പവാര്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് കാണുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാവരെയും ഒരുമിച്ച് നിര്‍ത്തിയ ശേഷം മുംബൈയില്‍ മുന്നണി മാറ്റം സംബന്ധിച്ച അന്തിമ പ്രഖ്യാപനം നടത്തും. സിറ്റിംഗ് സീറ്റുകളില്‍ കൈവച്ചാല്‍ മുന്നണി വിടണമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും.

അതേസമയം, പാല സീറ്റിന്റെ പേരില്‍ മാത്രം മുന്നണി വിടരുതെന്ന ആവശ്യത്തിലാണ് മന്ത്രി എ കെ ശശീന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി എല്‍ഡിഎഫാണ് സുരക്ഷിത ഇടമെന്നും ഇന്നലെ എകെ ശശീന്ദ്രന്‍ ശരദ് പവാറിനെ അറിയിച്ചിരുന്നു.

Content highlight: NCP Leader Sharad Pawar will visit Kerala