സംസ്ഥാന ബിജെപിയിലെ കലഹം: പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം കേരളത്തിലേക്ക്

bjp candīdates list

ന്യൂഡല്‍ഹി: സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്ങ്ങളില്‍ കേന്ദ്രനേതൃത്വം ഇടപെടാനൊരുങ്ങി കേന്ദ്രം. സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്ന് ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കിട്ടാത്തതിന് സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും കാരണമായിട്ടുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ദേശീയ കൗണ്‍സില്‍ അംഗം പി.എം വേലായുധനും പരസ്യ വിമര്‍ശനവുമായി രംഗത്തു വന്നതിന് പിന്നാലെ നിരവധി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ കെ സുരേന്ദ്രന്‍ ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം കേരളത്തിലെ വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിച്ചത്.

ജനുവരി 15ന് കേരളത്തിലെത്തുന്ന സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് കേരളത്തിലെ നേതാക്കളുമായി സംസാരിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ശോഭ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ പ്രശ്‌നം പരിഹരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള 40 മണ്ഡലങ്ങളുടെ പട്ടിക കെ സുരേന്ദ്രന്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ പരിഹരിച്ച് ഈ മാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങാനാണ് ബിജെപിയുടെ ശ്രമം.

Content Highlight: Central BJP members to Kerala